അരിക്കൊമ്പനെ കുറിച്ചുള്ള വാർത്ത ഇന്ന് രാവിലെയും കൂടെ കണ്ടതെ ഉള്ളൂ . അത്കൊണ്ട് ഇന്ന് കുറച്ച് ആനക്കാര്യം സംസാരിക്കാം എന്ന് കരുതി. അരിക്കൊമ്പന്റെ ആനത്താരയിൽ ആണോ പട്ടയം കിട്ടിയ ഭൂമി? ആനത്താരയിൽ മനുഷ്യവാസം തുടങ്ങിയത് ആണോ തെറ്റ്? അല്ലെങ്കിൽ മനുഷ്യവാസമുള്ള മേഖലയിൽ ഇറങ്ങി അലമ്പ് കാണിക്കുന്ന അരിക്കൊമ്പൻ ആണോ തെറ്റുകാരൻ… എന്നൊക്കെ ഉള്ള കാര്യങ്ങൾ ഞാനെന്തായാലും സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ല. ഇന്ന് രാവിലെ അറിയപ്പെടുന്ന ഒരു ആനയോളി (ആനപ്രേമി എന്ന് സ്വയം വിളിക്കും) കൂട്ടുകാരന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടു. അരിക്കൊമ്പനെ അവന്റെ വൈബിന് വിടൂ പിടിക്കല്ലേ എന്ന്. ആരാ ഇത് പറയുന്നത് എന്ന് ഓർക്കണം. അതിലെ തെറ്റും ശരിയും അല്ല ഞാനിപ്പോൾ സംസാരിക്കാൻ ഉദ്ദേശിക്കുന്നത്. അത് നമുക്ക് പിന്നീട്മറ്റൊരു സാഹചര്യത്തിൽ ആവാം. അതും ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്ന വിഷയം തന്നെയാണ്. വേണമെങ്കിൽ ഇച്ചിരി ആനക്കാര്യം എന്ന ഈ ബ്ലോഗ് നമുക്കൊരു സീരീസ് ആക്കാൻ പറ്റുമോ എന്നും ആലോചിക്കാം. എന്തായാലും നമുക്ക് തുടങ്ങാം. കുറച്ച് ശാസ്ത്രീയമായി തന്നെ സംസാരിക്കാം. ആനശാസ്ത്രം. ഇവനാരാ ഇത് പറയാൻ എന്ന് ചോദിക്കുന്നവർ ഉണ്ടാവാം. പണ്ടേതോ സിനിമയിൽ പറഞ്ഞ പോലെ കിട്ടുണ്ണി ഈസ് എലിഫന്റ് ബി എ എന്ന് പറഞ്ഞ പോലെ ആനശാസ്ത്രത്തിൽ ബിരുദം നേടിയ ആളൊന്നുമല്ല ഞാൻ. ഇതിനോടൊക്കെയുള്ള ചെറിയ താല്പര്യവും കൗതുകവും ഒക്കെ കാരണം ഞാൻ തന്നെ ഇന്റർനെറ്റിൽ തപ്പിയും മറ്റും കിട്ടിയ കുറച്ച് വിവരങ്ങൾ മാത്രമാണ് ഞാൻ പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത്.
മനുഷ്യനും വന്യജീവികളുമായുള്ള സംഘർഷം നമ്മുടെ നാട്ടിൽ തുടർക്കഥയാണ്. പതിറ്റാണ്ടുകളായുള്ള ആ സംഘർഷം ഇന്ന് എത്തിനിൽക്കുന്നത് അരിക്കൊമ്പനിലാണെന്നു മാത്രം. അരിക്കൊമ്പൻ പോയാൽ നാളെ മറ്റൊരു കൊമ്പൻ. അതിന്റെ പിറ്റേന്ന് വല്ല കടുവയോ പുലിയോ. കഴിഞ്ഞ ദിവസം കേരളം ഹൈക്കോടതി ചോദിച്ചത് പോലെ പിടിച്ച് കൂട്ടിലടക്കുന്നത് ശ്വാശതമാണോ? ഒരിക്കലുമല്ല. കാരണം ഒരെണ്ണത്തിനെ കൂട്ടിലടച്ചാൽ നാളെ പത്തെണ്ണം വരും. അപ്പോൾ ഈ ഒരു പ്രശ്നത്തിന് പരിഹാരം കാണുമ്പൊൾ ഈ പറഞ്ഞ പ്രശനങ്ങൾ ഒക്കെ ഒഴിവാക്കി വേണം ചെയ്യാൻ. നമ്മളെക്കാൾ ഏറെ വന്യജീവി സമ്പത്തുള്ള പല സ്ഥലങ്ങളുമുണ്ട് പക്ഷെ അവിടെ മിക്കയിടങ്ങളിലും ഈ പറഞ്ഞ സംഘർഷം നടക്കുന്നില്ല. എല്ലായിടത്തും ഇല്ല എന്നല്ല. ഹിമാചലിലെ പാർവതി വാലിയിൽ പോയപ്പോൾ ഈ കാര്യം ഞാൻ നേരിട്ട് കണ്ട് അനുഭവിച്ചതാണ്. അവിടെ കാട്ടിനുള്ളിൽ വീടുള്ള ഒരു സുഹൃത്തിനോട് വന്യജീവികൾ വല്ലതും വരുമോ എന്ന് ചോദിച്ചപ്പോൾ അവൻ ചിരിച്ചുകൊണ്ട് പറഞ്ഞത് ഹിമപ്പുലിയും കരടിയും വരാറുണ്ട് ബാക്കിയൊന്നും ഇവിടെത്തെ കാട്ടിൽ ഇല്ലാത്തത് കൊണ്ട് വരാറില്ല എന്നാണു. പ്രത്യക്ഷത്തിൽ എന്നെ കളിയാക്കിയതായാണ് എനിക്ക് തോന്നിയത്. പക്ഷെ അതിന്റെ പിറ്റേന്ന് എങ്ങാൻ ആയിരുന്നു എന്ന് തോന്നുന്നു രാവിലെ ഉറക്കം എണീച്ച ഞാൻ കണ്ടത് ഞങ്ങളുടെ മുറ്റത്തു എങ്ങു നിന്നോ കൂട്ടം തെറ്റിയെത്തിയ ഒരു കരടിക്കുട്ടിയെ ആയിരുന്നു. ഗ്രാമവാസികൾ ആരും തന്നെ അതിനെ ഉപദ്രവിച്ചില്ല. കുട്ടികൾ കല്ലെറിഞ്ഞില്ല. സ്ത്രീകൾ അതിന് തേൻ കൊടുത്തു. ഒടുക്കം നാട്ടിലെ സാഹസികരായ കുറച്ച് പേർ അതിനെ ഒരു വലയിൽ പിടിച്ച് കാട്ടിൽ കൊണ്ടുവിട്ടു. പിന്നീട് വിറക് ശേഖരിക്കാൻ പോയ സ്ത്രീകൾ പറഞ്ഞറിഞ്ഞു അതിനെ അതിന്റെ അമ്മയുടെ കൂടെ കണ്ടെന്ന്. അവിടെ കരടിയും പുലിയും ഇഷ്ടം പോലെ ഉണ്ട്. പക്ഷെ അവരാരും മനുഷ്യരെ കൊന്നതായിട്ടോ ഉപദ്രവിച്ചതായിട്ടോ ആർക്കും അറിയില്ല. ചെറുപ്പം മുതൽ നേരത്തെ പറഞ്ഞ സംഘർഷം കണ്ടു വളർന്ന മലയാളിയായ എനിക്ക് ഈ കാര്യങ്ങളൊക്കെ വെറും ഫാന്റസി ആയാണ് തോന്നിയത്. ഒരു പക്ഷെ വായിക്കുന്ന നിങ്ങൾക്കും അങ്ങനെ തോന്നിയേക്കാം. ഈ പറഞ്ഞ സംഭവങ്ങളുടെ ഒക്കെ വീഡിയോ എന്റെ കയ്യിൽ ഉണ്ട്. അപ്പൊ പറഞ്ഞു വന്നത് അവരുടെ ജീവിതത്തെ കുറിച്ചാണ്. പ്രകൃതിയുമായി ഇണങ്ങി അല്ല അവർ ജീവിക്കുന്നത്. പ്രകൃതിയിൽ ആണ്. നമ്മളൊക്കെ ഇവിടെ ഇണങ്ങാൻ ശ്രമിക്കുന്നതാണ് ശരിക്കുമുള്ള പ്രശനം ഉണ്ടാക്കുന്നത്. പ്രകൃതിയിൽ എല്ലാ പ്രശ്നത്തിനും അതിന്റെതായ പരിഹാരമുണ്ട്. പല രാജ്യക്കാരും നാട്ടുകാരും അവ പരമ്പരാഗതമായി കൈകാര്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നത് കണ്ടാൽ നമ്മൾ നാണം കെട്ട് തല താഴ്ത്തും.
നമ്മളെക്കാൾ കൂടുതൽ ആനസമ്പത്തുള്ളതാണ് ആഫ്രിക്കൻ രാജ്യങ്ങൾ. പക്ഷെ അവിടെയൊന്നും ഒരു അരികൊമ്പനോ ചക്കകൊമ്പനോ ഉണ്ടാവുന്നില്ല. അവരും ജീവിക്കുന്നുണ്ട് മനുഷ്യരും ജീവിക്കുന്നുണ്ട്. ശാസ്ത്രീയമായി തന്നെ. അത്തരത്തിൽ ആനകൾ മനുഷ്യവാസമുള്ള പ്രദേശത്ത് ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും നിയന്ത്രിക്കാൻ കെനിയ,ടാൻസാനിയ, മൊസാംബിക്ക് തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നൂറ്റാണ്ടുകളായി ചെയ്തു പോരുന്ന ഒരു സംഗതിയാണ് ബീഹൈവ് മെക്കാനിസം (Beahive Mechanism). പേര് സൂചിപ്പിക്കും പോലെ തന്നെ ഇത് തേനീച്ചകളെ വച്ചുള്ള ഒരു പരിപാടി തന്നയാണ്. സംഗതി സിംപിളാണ്. ആനകൾക്ക് തേനീച്ചകളെ പേടിയാണ്. കരയിലെ ഏറ്റവും വലിയ ജീവി വളരെ ചെറിയൊരു ജീവിയെ എന്തിനു പേടിക്കണം എന്നല്ലേ? തുമ്പിക്കയുടെ ഉള്ളിലും കണ്ണിലും ഒക്കെ തേനീച്ച കുത്തിയാൽ ആനകൾക്ക് യാതൊന്നും തന്നെ ചെയ്യാൻ കഴിയില്ല. പരിണാമപരമായ ഒരു advantage ഇവിടെ തേനീച്ചകൾക്ക് ഉള്ളതായി കാണാം. അത് പക്ഷെ അവയുടെ സ്വയരക്ഷക്കോ ഭക്ഷണം തേടാനോ പ്രകൃതി കൽപ്പിച്ച് നൽകിയ ഏർപ്പാടായി പറയാൻ പറ്റില്ല. ഭക്ഷ്യ ശൃംഗലയിൽ ആനകളും തേനീച്ചയും തമ്മിലുള്ള ബന്ധവും എനിക്ക് കൃത്യമായി അറിയില്ല. പ്രകൃതിയിലെ എന്തിനെയും തന്റെ ആവശ്യങ്ങൾക്ക് വശത്താക്കുന്ന മനുഷ്യന് ഇത്തരം സംഘർഷങ്ങൾ ഒഴിവാക്കാൻ പ്രകൃതി തന്നെ നൽകിയ ഒരു പ്രതിരോധ ഉപകരണമാണ് ഈ ഭയം എന്നാണെങ്കിലോ? അങ്ങനെ ചിന്തിക്കുന്നതിൽ യാതൊരു തെറ്റുമില്ല. കാരണം ഈ ഏർപ്പാട് ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടതാണ്. 2017 ൽ കറൻറ് ബയോളജി ജേർണലിൽ പബ്ലിഷ് ചെയ്ത ഒരു പഠനം പ്രകാരം തേനീച്ചകളെ ഉപയോഗിക്കുന്നത് വഴി 80% വരെ ആനകളെ തുരത്താൻ കഴിയുമെന്ന് പറഞ്ഞിട്ടുണ്ട്. കെനിയയിൽ ആയിരുന്നു ഈ പഠനം നടത്തിയത്. അത്പോലെ 2019 ൽ ടാൻസാനിയയിൽ നടത്തിയ മറ്റൊരു പഠനം പ്രകാരം 75% വരെ തേനീച്ചകളെ ഉപയോഗിക്കുന്നത് വഴി ആനകളെ തുരത്താം എന്നും പറഞ്ഞിട്ടുണ്ട്. കൺസർവേഷൻ ബയോളജി ജേർണലിന്റെ 2019 ലെ എഡിഷനിൽ ആർക്ക് വേണമെങ്കിലും ഈ പഠനം കാണാൻ കഴിയുന്നതാണ്. കൂടാതെ ആഫ്രിക്കക്കാർ പരമ്പരാഗതമായി കുരുമുളക് പുകച്ചും മറ്റും ആനകളെ തുരത്തുന്നു. പക്ഷെ ഇതിലേക്കാളേറെ പ്രായോഗികവും ശാസ്ത്രീയവും ചിലവ് കുറഞ്ഞതും ഒക്കെയായ രീതി തേനീച്ചകളെ ഉപയോഗിക്കുന്നത് തന്നയാണ്.
ആനകളും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങൾ ഒഴിവാക്കാനായി പരിശ്രമിക്കുന്ന IUCN Human Elephant Conflict Task Force മേധാവിയായ ഡോക്ടർ ലൂസി ഇ കിംഗ് എന്ന ശാസ്ത്രജ്ഞ ഈ കാര്യം ശാസ്ത്രീയമായി തെളിയിക്കുന്നതിനായി ടാന്സാനിയയിലെ തരംഗിരെ നാഷണൽ പാർക്കിൽ 2017 ൽ ഒരു പഠനം നടത്തുകയുണ്ടായി. ആനകൾ സഞ്ചരിക്കുന്ന വഴികളിൽ സ്പീക്കറുകൾ ഘടിപ്പിച്ച് അവയിലൂടെ തേനീച്ചകളുടെ ശബ്ദം ഉണ്ടാക്കുകയായിരുന്നു അവർ അവലംബിച്ച രീതി. ഇത് റെക്കോർഡ് ചെയ്യാനായി ക്യാമറകളും സ്ഥാപിച്ചിരുന്നു. അവരുടെ നിരീക്ഷണം പ്രകാരം. ആനകൾ തേനീച്ചകളുടെ ശബ്ദത്തെ പോലും ഭയന്നിരുന്നു. തേനീച്ചകളുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ അവ ചിന്നം വിളിച്ച് ഓടിയകലുന്നതായി കാണാൻ കഴിഞ്ഞു. ഓടുന്നതിന് മുന്നേ ഈ ഭയം കുട്ടികളിലേക്ക് കൂടെ കൈമാറുന്നതായും അവരുടെ ശ്രദ്ധയിൽ പെട്ടു. ഇതിന്റെ ഒരു വീഡിയോ പണ്ടെങ്ങോ കണ്ടതായി ഓർക്കുന്നു.
ബീഹൈവ് മെക്കാനിസം വളരെ എളുപ്പമാണ്. കൃഷിയിടത്തിനും ഗ്രാമങ്ങൾക്കും ചുറ്റും തൂണുകളിൽ അവർ തേനീച്ച കൂടുകൾ സ്ഥാപിക്കുന്നു ഇതുവഴി തേനീച്ചകളുടെ സാന്നിധ്യം മനസിലാക്കി ആനകൾ തിരിഞ്ഞോടുന്നു. ഒട്ടനവധി തേനീച്ച കർഷകർ ഉള്ള നമ്മുടെ നാട്ടിലും പരീക്ഷിക്കാൻ എന്തുകൊണ്ടും യോജിച്ച ഒരു രീതി. ഇതിൽ രണ്ടുണ്ട് കാര്യം. ആനകളെ തുരത്തുകയും ചെയ്യാം തേനീച്ച കൃഷിയും നടക്കും. ആർക്കും പരീക്ഷിക്കാവുന്ന ഒരു മെക്കാനിസം. പക്ഷെ തനിക്കുനേരെ വരുന്ന എന്തിനെയും കൊന്നും കൂട്ടിലടച്ചും തന്റെ ജീവിതം സുരക്ഷിതമാക്കാം എന്ന നമ്മുടെ മനോഭാവത്തിൽ ച്ന്തിച്ചാൽ ഇതൊക്കെ വെറും കോമഡി ആയി തന്നെ തോന്നും. ഇനിയിപ്പോൾ തേനീച്ച തന്നെ വേണമെന്നില്ല. ഡോക്ടർ ലൂസി ചെയ്തത് പോലെ ആനകൾ വരുന്ന വഴിയിൽ സ്പീക്കറുകൾ ഘടിപ്പിച്ച് തേനീച്ചകളുടെ ശബ്ദം ഇടുകയും ആവാം. ആർക്കും ഉപദ്രവമില്ലാത്ത വളരെ ചിലവുകുറവുള്ള ഒരു രീതി. വിദേശത്ത് പോയി പലതും പഠിക്കുന്ന നമ്മുടെ ഭരണകർത്താക്കൾ എന്ത്കൊണ്ട് ഇതിനൊന്നും ശ്രമിക്കുന്നെ ഇല്ല? ഉത്തരം വ്യക്തമാണ് ആനയായാലും പുലിയായാലും പിടിക്കുക കൂട്ടിലടക്കുക. അല്ലെങ്കിൽ കൊന്ന് കളയുക അങ്ങനെയുള്ളൊരു പരമ്പരാഗത രീതി നമുക്കുള്ളപ്പോൾ എന്തിനാണ് വെറുതെ പുതിയ ഓരോന്ന് പരീക്ഷിക്കുന്നത് അല്ലെ? മാറേണ്ടത് ഈ ചിന്താഗതി തന്നെയാണ്.
കഴിഞ്ഞ ദിവസം അരിക്കൊമ്പൻ വിഷയത്തിൽ ഉടുമ്പൻചോല എംഎൽഎ യുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടിരുന്നു. മുൻപ് ആതിരപ്പള്ളി വിഷയത്തിൽ എടുത്ത നിലപാട് കാരണം തന്നെ ആ മനുഷ്യനോട് ഉള്ള ഒരു ഇഷ്ടം പോയിരുന്നു. ആൾ വലിയ കർഷകനാണ് കർഷകരുടെ നേതാവാണ് എന്നൊക്കെയാണ് പറഞ്ഞു കേട്ടിട്ടുള്ളത്. മൂന്നാർ ഭാഗത്ത് പോയാൽ അത് സത്യമെണെന്ന് മനസ്സിലാവുകയും ചെയ്യും. പണ്ടൊരിക്കൽ മൂന്നാർ പോയപ്പോൾ ഒരു ഓട്ടോയുടെ പുറകിൽ നമ്മുടെ നാട്ടിൽ വിജയുടെയും സൂര്യയുടെയും പടം വെക്കുന്നത് പോലെ ഇങ്ങേരുടെ പടം വെച്ചത് കണ്ടതും ഓർമയുണ്ട്. പക്ഷെ സംഗതി എന്തൊക്കെയായാലും ഇങ്ങേർ പഠിച്ച കൃഷി എന്നത് മനുഷ്യന് ഭീഷണിയായവയെ കൊന്നൊടുക്കാനും കൂട്ടിലടക്കാനും ആണെന്നത് ഒരു വസ്തുതയാണ്. ഇങ്ങേർക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കുറവുണ്ട് എന്ന് രാഷ്ട്രീയ എതിരാളികൾ കളിയാക്കുന്നതിൽ ഒരു കാര്യമില്ലേ എന്ന് എനിക്ക് തോന്നാറുണ്ട്. ഒരുപാട് തൊഴിലാളി സമരം നടത്തി ഒരുപാട് മനുഷ്യരെ മുതലാളിമാരുടെ ക്രൂരതകളിൽ നിന്നും രക്ഷിച്ച് ജനകീയനായ ഒരു നേതാവിന് ജീവിക്കുന്ന ഭൂമിയോടും ബാക്കി ജീവചാലങ്ങളോടും ഒരു കൂറും ഇഷ്ടവും ഇല്ലെങ്കിൽ അയാളെ ഒരിക്കലും നല്ലൊരു മനുഷ്യനായി അംഗീകരിക്കാൻ എനിക്ക് കഴിയില്ല. പ്രകൃതിയോട് കരുണ കാട്ടുക പ്രകൃതിയിൽ നല്ലത് ചെയ്യുക. തീർച്ചയായും അതിനുള്ള പ്രതിഫലം പ്രകൃതി നിങ്ങൾക്ക് തിരിച്ച് തരും. ഈ ഒരു വിശ്വാസത്തിലും പ്രതീക്ഷയിലുമാണ് ഞാനിത്രനാളും ജീവിച്ചത്. ഒരു പക്ഷെ എപ്പോഴൊക്കെയോ റോഡരികിൽ കണ്ട വയറൊട്ടിയ പട്ടികുട്ടികൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുത്തതിന്റെയോ കൂട് നഷ്ടപ്പെട്ട കിളിക്കുഞ്ഞുങ്ങൾക്ക് അഭയം കൊടുത്തതിന്റെയോ ഒക്കെ പ്രതിഫലമായിട്ട് ആയിരിക്കാം എനിക്കെന്റെ ആഗ്രഹം പോലെ സ്വന്തമായി ഒരു വെബ്സൈറ്റ് ഉണ്ടാക്കി ഇങ്ങനെ ഒക്കെ എഴുതാൻ കഴിയുന്നത്. എനിക്കങ്ങനെ വിശ്വസിക്കാൻ ആണ് ഇഷ്ടം. ഞാൻ ജീവിക്കുന്ന പ്രകൃതിക്ക് എന്റെ മേലെ സ്വാധീനം ചെലുത്താനും എല്ലാം കഴിവുണ്ട്. പ്രകൃതിയിലെ ഓരോ ചെറിയ കാര്യങ്ങൾക്ക് പോലും നമ്മുടെ മൂടും ചിന്തകളും തീരുമാനങ്ങളും മാറ്റാൻ കഴിവുണ്ട്. നിങ്ങൾക്ക് ഇതൊക്കെ തമാശയായി തോന്നിയേക്കാം പക്ഷെ എന്റെ ജീവിതത്തിൽ ഞാൻ പഠിച്ച പാഠങ്ങളാണ് ഇതൊക്കെ. എന്തൊക്കെയായാലും നിങ്ങൾ ഇപ്പൊ ഇത് വായിക്കുന്ന സമയത്ത് ടീവി തുറന്ന് നോക്കിയാൽ ഒരു പക്ഷെ അരിക്കൊമ്പൻ പിടിക്കപ്പെട്ടു എന്ന വാർത്ത കണ്ടേക്കാം. പക്ഷെ അവനും കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന തിരിച്ചറിവ് നിങ്ങൾക്ക് വരുമ്പോൾ ഞാൻ പറയും നിങ്ങൾ ഒരു നല്ല മനുഷ്യനായി എന്ന്. ഇവിടെ വെച്ച് നിർത്താം. ഇനി മറ്റൊരു വിഷയത്തിലോ അല്ലെങ്കിൽ ഇതേ വിഷയത്തിന്റെ തുടർച്ചയായോ മറ്റൊരു നാൾ കണ്ടുമുട്ടാം. നന്ദി.