കഴിഞ്ഞ ദിവസം വിഷുക്കോടി എടുക്കാൻ പോയപ്പോൾ ആണ് വളരെ മുന്നേ തന്നെ ഞാൻ എഴുതണം എന്നാഗ്രഹിച്ച ഒരു കാര്യം വീണ്ടും മനസ്സിൽ വന്നത്. ക്യാരിബാഗുകളെ കുറിച്ച്. ഒരുപാട് പേർ സംസാരിച്ച് തഴമ്പിച്ച ഒരു വിഷയത്തിൽ ഞാൻ കൂടുതലായി എന്താണ് പറയാൻ പോകുന്നത് എന്നായിരിക്കും. ക്യാരി ബാഗുകൾക്ക് പൈസ ഈടാക്കുന്നതും വേണ്ടെന്ന് പറഞ്ഞാൽ വാങ്ങിയ സാധനങ്ങൾ തോളിൽ ഇട്ടോണ്ട് വരുന്നതും ഒന്നുമല്ല ഞാൻ സംസാരിക്കാൻ ഉദ്ദേശിക്കുന്നത്. സത്യകഥ എന്തെന്നാൽ എട്ട് രൂപ വിലയുള്ള രണ്ട് പേപ്പർ ബാഗുകൾ കഴിഞ്ഞ ദിവസം എനിക്ക് സൗജന്യമായി തന്നെ കിട്ടിയിരുന്നു. പക്ഷെ ആ കാര്യവും നമുക്ക് ഈ ഒരു ബ്ലോഗിൽ തീർച്ചയായും സംസാരിക്കേണ്ട വിഷയം തന്നെയാണ്. അത് ഞാൻ അവസാനം പറയാം. മുമ്പൊക്കെ തുണിത്തരങ്ങൾ എത്ര തന്നെ വാങ്ങിയാലും എന്ത് തന്നെ വാങ്ങിയാലും ക്യാരി ബാഗുകൾ ഫ്രീയായി കൊടുക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഒപ്പം തൂവാലകളും അന്ന് സൗജന്യമായി തന്നെ കിട്ടിയിരുന്നു. ഇന്നിപ്പോൾ എല്ലാം പൈസ കൊടുത്തുതന്നെ വാങ്ങണം. മുൻപ് ഫ്രീയായി കിട്ടിയിരുന്ന അതെ തൂവാലകൾ ഇന്നിപ്പോൾ മൂന്നെണ്ണത്തിന് 100 രൂപയെന്നെങ്ങാൻ കണ്ടത് ഞാൻ ഓർക്കുന്നു. അതെന്തെങ്കിലുമാവട്ടെ. നമുക്ക് വിഷയത്തിലേക്ക് കടക്കാം. പ്ലാസ്റ്റിക്ക് കാരണം പ്രകൃതിക്ക് സംഭവിച്ചേക്കാവുന്ന ദോഷങ്ങൾ തിരിച്ചറിഞ്ഞ ശേഷമാണ് സർക്കാർ പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾക്കും നിരോധനം ഏർപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് പേപ്പർ ബാഗുകൾ കളത്തിലിറങ്ങിയത്. പേപ്പർ ബാഗുകൾ നിർമിക്കാൻ ഉണ്ടാവുന്ന അധികച്ചെലവും അധ്വാനവും തന്നെയാണ് കടകൾ അവ സൗജന്യമായി കൊടുക്കാതിരിക്കുന്നത് എന്ന് നമുക്ക് തന്നെ ആലോചിക്കാവുന്ന കാര്യമാണ്. ഒരു പേപ്പർ ബാഗ് എങ്ങനെ സ്വന്തമായി ഉണ്ടാക്കാം എന്ന് യൂടൂബിൽ നോക്കയാൽ നമുക്ക് തന്നെ അതിന്റെ അധ്വാനം മനസിലാവും. മാത്രമല്ല ഈട് നിൽക്കുന്ന നല്ല പേപ്പർ ബാഗുകൾക്ക് കട്ടി കൂടിയ ചിലവ് കൂടിയ നല്ല പേപ്പറുകളും ഉപയോഗിക്കേണ്ടി വരും. പക്ഷെ ഇന്നിപ്പോൾ പേപ്പർ ബാഗുകൾ ഉണ്ടാക്കുന്ന മഷീൻസ് വ്യാപകമാണ് അത്കൊണ്ട് തന്നെ നിർമാണ ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയും. പക്ഷെ പേപ്പർ ബാഗുകളുടെ കാര്യത്തിൽ ഒരു കൊള്ള നടക്കുന്നില്ലേ എന്ന് സംശയിച്ചാൽ അതിൽ തെറ്റ് പറയാനും സാധിക്കില്ല. കാരണം ആയിരക്കണക്കിന് രൂപയുടെ സാധനം നമ്മൾ വാങ്ങുമ്പോൾ അവർക്ക് കാര്യമായ ലാഭം തന്നെ തടയുന്നുണ്ട്. ആ ലാഭ വിഹിതത്തിൽ നിന്നും ഒരു എട്ട് രൂപയുടെയും പത്ത് രൂപയുടെയോ പേപ്പർ ബാഗ് നമുക്ക് വെറുതെ തരുന്നതിൽ അവർക്ക് യാതൊരു നഷ്ടവും വരുന്നില്ല. എന്നിരുന്നാലും അവരത് ചെയ്യുന്നില്ല. ആയിരക്കണക്കിന് രൂപക്ക് സാധനം വാങ്ങി അത് കയ്യിൽ പിടിച്ചും തോളത്തും ഇട്ട് കൊണ്ട് വരുന്നതിൽ ഉള്ള ധാർമിക പ്രശ്നം ഒന്നും അവരെ അലട്ടുന്നേയില്ല കാരണം അവർക്ക് എല്ലാം കച്ചവടം മാത്രമാണ്. ഈ തരുന്ന പേപ്പർ ബാഗുകളിലും അവർ ലാഭം ഈടാക്കുന്നുണ്ട് എന്നത് ഞെട്ടിപ്പിക്കുന്ന ഒരു വസ്തുതയാണ്. മുൻപ് വൻകിട കോർപ്പറേറ്റ് കടകളിൽ മാത്രം കണ്ടു വന്നിരുന്ന ഈ ഏർപ്പാട് നമ്മുടെ നാട്ടിലെ സാധാരണ കച്ചവടക്കാരും ചെയ്യുന്നു എന്നത് ഒരു സങ്കടകരമായ വസ്തുതയാണ്. പക്ഷെ അധികം തുകയ്ക്ക് സാധനം വാങ്ങുന്നവർക്ക് സൗജന്യമായി പേപ്പർ ബാഗുകൾ കൊടുക്കുന്ന കടകളും ഉണ്ട് എന്നുള്ളത് വളരെ നല്ല കാര്യവുമാണ്.
നേരത്തെ പറഞ്ഞത് പോലെ പ്ലാസ്റ്റിക്ക് ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പേപ്പർ ബാഗുകൾ രംഗപ്രവേശം ചെയ്തത്. തികച്ചും നല്ല ഒരു തീരുമാനം. കാരണം പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ നമ്മൾ ചെറിയ ക്ളാസുകൾ മുതലേ പഠിച്ചതാണ്. നമ്മൾ ജീവിക്കുന്ന ഭൂമിയ്ക്ക് മേലെ നമ്മൾ ഏൽപ്പിക്കുന്ന ആഘാതം ഒരു പരിധിവരെ കുറക്കുക എന്ന ആശയത്തിൽ നിന്നും ഉരിത്തിരിഞ്ഞു വന്ന നല്ലൊരു ആശയം. ഇന്നിപ്പോൾ നമ്മുടെ കുട്ടികളോട് പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾക്ക് പകരം എന്താണെന്ന് ചോദിച്ചാൽ ചോദിച്ചാൽ അവർ പറയും പേപ്പർ ബാഗുകൾ എന്ന്. ആ തലത്തിലേക്ക് സമൂഹത്തിന്റെ ചിന്താഗതി മാറിയതും പ്രശംസനീയമായ കാര്യമാണ്. പക്ഷെ ഒന്ന് കൂടെ ഇരുത്തി ചിന്തിച്ചാൽ ഈ കാര്യത്തിലെ ഒരു വൈരുധ്യം നമുക്ക് ബോധ്യപ്പെടും. പ്രകൃതിയെ സംരക്ഷിക്കാനായി നിരോധിക്കപ്പെട്ട പ്ലാസ്റ്റിക്ക് ബാഗുകൾക്ക് പകരം വന്ന പേപ്പർ ബാഗുകൾ എങ്ങനെയാണ് ഉണ്ടാക്കുന്നത്. പേപ്പർ കൊണ്ട്. അല്ലെ. അപ്പോൾ ഈ പേപ്പറുകൾ എങ്ങനെയാണ് ഉണ്ടാക്കുന്നത്? അതും നമ്മൾ ചെറിയ ക്ളാസുകളിൽ തന്നെ പഠിച്ചതാണ്. മരം വെട്ടി അത് പൾപ്പ് ആക്കി അത് പിന്നീട് പേപ്പർ ആക്കുന്നു. അപ്പോൾ ഈ മരം വെട്ടുന്നത് പ്രകൃതിക്ക് നല്ലതാണോ? ഒരു പക്ഷെ പ്ലാസ്റ്റിക്ക് ബാഗുകളെക്കാൾ അപകടകാരികളാണ് ഈ പേപ്പർ ബാഗുകൾ എന്ന് പറഞ്ഞാൽ അത് നിഷേധിക്കാൻ കഴിയില്ല. കാരണം കണക്കുകൾ അത്രക്ക് ഭീകരമാണ്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള സംഘടനായ Food and Agriculture Organization (FAO) ന്റെ കണക്ക് പ്രകാരം ലോകത്ത് ഓരോ വർഷവും 1500 കോടി മരങ്ങൾ വെട്ടി മുറിക്കപ്പെടുന്നു. ഓർക്കുക ഭക്ഷ്യ യോഗ്യമായ സസ്യങ്ങളും ചെടികളും നമ്മൾ അത്തരം ആവശ്യങ്ങൾക്കായി നടുന്ന മരങ്ങളും ഈ കണക്കിൽ പെടില്ല. അതായത് ലോക ജനസംഖ്യയുടെ തന്നെ ഇരട്ടിയോളം മരങ്ങൾ ലോക വ്യാപകമായി എല്ലാ വർഷവും മുറിക്കപ്പെടുന്നുണ്ടെന്ന്. ഇതിൽ തന്നെ 40% മരങ്ങളും പേപ്പറും അനുബന്ധ ഉത്പന്നങ്ങളും നിർമിക്കാനാണ് ഉപയോഗിക്കുന്നത്. അതായത് ലോകത്ത് വെട്ടി നിരത്തപ്പെടുന്ന മരങ്ങളുടെ ഏറിയ പങ്കും പേപ്പർ നിർമാണത്തിനാണെന്ന് സാരം. ഇതിൽ തന്നെ പത്തിന്റെയും ഇരുപത്തിന്റെയും ഇടയിൽ ശതമാനമാണ് പേപ്പർ ബാഗുകൾക്കായി വെട്ടി മുറിക്കപ്പെടുന്നത്. അപ്പോൾ പറഞ്ഞു വന്നത് പ്ലാസ്റ്റിക്കിലും നല്ലത് പേപ്പർ ബാഗുകളാണ് എന്ന പ്രചാരണത്തിലെ ഏറ്റവും വലിയ പൊള്ളത്തരമാണ്. ഇത്രയധികം മരങ്ങൾ വെട്ടി ഉണ്ടാക്കുന്ന പേപ്പർ ബാഗുകൾ എങ്ങനെ പ്രകൃതിയെ സംരക്ഷിക്കുമെന്നാണ് പറയുന്നത്? സത്യത്തിൽ പ്ലാസ്റ്റിക്ക് ബാഗുകൾ പ്രകൃതിയെ നശിപ്പിക്കുന്നതിനാണ് കാരണമാകുന്നത്. പ്ലാസ്റ്റിക്ക് indirect ആയി പ്രകൃതിക്ക് ആഘാതമേല്പിക്കുമ്പോൾ പേപ്പർ ബാഗുകൾ direct ആയി തന്നെ അത് ചെയ്യുന്നു. ഇത്തരത്തിൽ ഇതിന്റെ ഉപയോഗം കൂടുന്നതും പ്രോത്സാഹിപ്പിക്കുന്നതും വഴി മേൽപ്പറഞ്ഞ ശതമാന കണക്കുകൾ വരും വർഷങ്ങളിൽ കൂടും എന്നതിൽ യാതൊരു തർക്കവുമില്ല. ക്രമേണ പേപ്പർ എഴുതാനുള്ള വസ്തു എന്നതിൽ നിന്ന് മാറി ബാഗ് നിർമിക്കാനുള്ള വസ്തു എന്ന നിലയിലേക്ക് ഭാവിയിൽ മാറിയേക്കാം. അത് വരുത്താൻ പോകുന്ന അപകടം ചെറുതല്ല.
ഒരു കണക്കിന് പറഞ്ഞാൽ കടകൾ പേപ്പർ ബാഗിന് വില ഈടാക്കുന്നത് വളരെ നല്ല ഒരു കാര്യമാണ് എന്ന് ഞാൻ പറയും. കാരണം വേറൊന്നുമല്ല. മുൻപൊക്കെ സാധനം വാങ്ങുക സഞ്ചിയിലാക്കുക കയ്യിൽ തൂക്കി വീട്ടിലേക്ക് കൊണ്ട് വരുക എന്ന പതിവ് ഇന്ന് മാറിയിട്ടുണ്ട്. ആയിരക്കണക്കിന് രൂപക്ക് സാധനം വാങ്ങി ഒരു 10 രൂപ കൊടുത്ത് സഞ്ചി വാങ്ങാൻ കഴിയാത്തതിനാൽ അത് യാതൊരു ഉളുപ്പുമില്ലാതെ കയ്യിൽ പിടിച്ചോ തോളിലിട്ടോ കൊണ്ട് വരാനുള്ള മാനസികാവസ്ഥയിലേക്ക് നമ്മൾ മാറിയിട്ടുണ്ട്. ഈ പറയുന്ന ഞാൻ തന്നെ കഴിഞ്ഞ ആഴ്ച കോഴിക്കോട് ഒരു കടയിൽ നിന്ന് സഞ്ചി വേണോ എന്ന ചോദ്യത്തിന് വേണ്ട എന്നായിരുന്നു മറുപടി പറഞ്ഞത്. ഇന്നിപ്പോൾ എല്ലാവര്ക്കും സ്വന്തമായി വാഹനങ്ങൾ ഒക്കെ ഉള്ളത് കൊണ്ട് തൂക്കിപ്പിടിച്ച് ബസ്സിൽ കൊണ്ട് വരുന്നതിന്റെ നാണക്കേട് ഒക്കെ ഒഴിവാക്കാം. പറഞ്ഞു വന്നത് ബാഗിന് തുക ഈടാക്കുന്നത് വഴി അതിന്റെ ഉപയോഗം ഗണ്യമായി കുറക്കാൻ പറ്റും. കാരണം നമ്മളിൽ പലരും പ്രത്യേകിച്ച് മലയാളികൾ പൈസ കൊടുത്ത് ഇത് വാങ്ങാൻ നിക്കില്ല. ഇനിയിപ്പോ ബാഗ് വാങ്ങിയേ തീരൂ എന്നാണെങ്കിൽ അത്തരക്കാർക്ക് വാങ്ങാം. പക്ഷെ അതിൽ കടകൾ ലാഭമീടാക്കുന്നതും കൊള്ള നടത്തുന്നതും തടയാൻ സർക്കാർ സംവിധാനങ്ങൾ കൃത്യമായി ഇടപെടണം. അവർ ഈടാക്കുന്ന അമിത ലാഭത്തിനു പകരം നികുതി ഏർപ്പെടുത്തിയാൽ സർക്കാരിന് അതൊരു വരുമാനവുമാവും. ഇതിന്റെ ഉപയോഗം കുറക്കാനുമാവും. കാരണം ഒന്നുമില്ല വെറും കയ്യിൽ വാങ്ങിയ സാധനം കൊണ്ട് വരാം എന്ന് നമ്മൾ തന്നെ തെളിയിച്ചിട്ടുള്ളതാണ്.
ഈ ഒരു അവസരത്തിൽ മറ്റൊരറിവ് പങ്കുവെക്കാം. നമ്മൾ പൈസ കൊടുത്ത് വാങ്ങിക്കുന്ന ബാഗിൽ കടയുടെ പേരുണ്ടെങ്കിൽ അതിനു പണം കൊടുക്കേണ്ടതില്ല. അതിന് നിയമമുണ്ട്. അവരുടെ പേരുള്ള ബാഗ് എന്നാൽ അതുമായി നമ്മൾ പുറത്തേക്കിറങ്ങുമ്പോൾ അവരുടെ ഒരു പരസ്യം എന്നാണർത്ഥം. അങ്ങനെ അങ്ങോട്ട് പണം നൽകി അവരുടെ തന്നെ ഒരു മാർക്കറ്റിങ് ഏജൻസിയായി നമ്മൾ മാറും. ഇത് ബഹുമാനപ്പെട്ട സുപ്രീം കോടതി തന്നെ നിയമം മൂലം വിലക്കിയതാണ്. ഇനി ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അങ്ങനെ അവർ പണം ആവശ്യപ്പെട്ടാൽ ഉപഭോക്ത കോടതിയിൽ പോയാൽ നമുക്ക് നഷ്ടപരിഹാരം ലഭിക്കും. അങ്ങനെ ആൾക്കാർ കേസ് നടത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഇനി യഥാർത്ഥ ചോദ്യത്തിലേക്ക് കടക്കാം. പ്ലാസ്റ്റിക്ക് ബാഗിന് പകരം പേപ്പർ ബാഗുകൾ അല്ലെങ്കിൽ മറ്റെന്ത്. ഒറ്റവാക്കിൽ ഉത്തരം പറയാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. പക്ഷെ ഇതിനുള്ള കൃത്യമായ ഉത്തരങ്ങളുമുണ്ട്. ഏറ്റവും ആദ്യത്തേക്ക് പുനരുപയോഗിക്കാവുന്ന ബാഗുകൾ തന്നയാണ്. അതിൽ തുണി സഞ്ചികളും, ചണ സഞ്ചികളും കൃത്രിമ പോളിമർ ബാഗുകളും എല്ലാം പെടും. ഈ ഒരാശയത്തിന് നല്ല മാർക്കറ്റിങ് നൽകിയാൽ ആർക്ക് വേണമെങ്കിലും ബിസിനെസ്സ് ആയി തന്നെ ഇതിനെ കാണാവുന്നതാണ്. പുനരുപയോഗം എന്ന് പറയുമ്പോൾ ആദ്യത്തെ തവണ നിങ്ങൾ അതിന് പണം ചിലവാക്കിയേ മതിയാവു. പക്ഷെ അതൊരു ഇൻവെസ്റ്മെന്റ് ആയി കണ്ട് പിന്നീടങ്ങോട്ട് ഉപയോഗിച്ചാൽ മതി. പക്ഷെ ഈ ഒരാശയം പൂർണമായും വിജയിക്കണമെങ്കിൽ ആദ്യം പ്ലാസ്റ്റിക്ക് ബാഗുകൾ നിരോധിച്ചത് പോലെ പേപ്പർ ബാഗുകളും നിരോധിക്കേണ്ടി വരും. പക്ഷെ അത് പ്രായോഗികമല്ല. പിന്നെയുള്ളത് ജനങ്ങളെ ഇതിനെ കുറിച്ചൊക്കെ ബോധവാന്മാരാക്കുക എന്നുള്ളതാണ്. എന്റെ വീട്ടിലും അരി വാങ്ങാൻ ഒക്കെ പുനരുപയോഗിക്കുന്ന തുണി സഞ്ചികൾ ഉപയോഗിക്കാറുണ്ട്. പക്ഷെ തുണി എടുക്കാൻ പോവുമ്പോഴും മറ്റും നമ്മളത് ഇതുവരെ ചെയ്തിട്ടില്ല. പക്ഷെ സമീപ ഭാവിയിൽ അത്തരമൊരു മാറ്റം എന്റെ വീട്ടിൽ കൊണ്ട് വരാൻ പറ്റുമോ എന്ന് ഞാൻ നോക്കുന്നുണ്ട്.
പിന്നെയുള്ള വഴികൾ എന്ന് പറയുന്നത് പ്രകൃതിദത്തമായ സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന സഞ്ചികളാണ്. കോൺസ്റ്റാർച്ച്, പച്ചക്കറി അവശിഷ്ടങ്ങൾ തുടങ്ങിയവയിൽ നിന്നും ഉണ്ടാക്കുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന ക്യാരിബാഗുകൾ ലോകത്ത് പലയിടത്തും ഇപ്പോൾ തന്നെ പ്രചാരത്തിൽ ഉണ്ട്. ഈ ഒരു ലേഖനം തയ്യാറാക്കുന്നതിനായുള്ള ചെറിയൊരു ഗവേഷണത്തിനിടയിൽ ആന പിണ്ഡത്തിൽ നിന്നും ക്യാരിബാഗുകൾ ഉത്പാതിപ്പിക്കുന്നതിനെ കുറിച്ചും വായിച്ചിരുന്നു. പക്ഷെ ഇവയൊക്കെ എല്ലായിടത്തും പ്രായോഗികമാണോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. മാത്രമല്ല പേപ്പർ ബാഗുകളെ അപേക്ഷിച്ച് ഇതിനൊക്കെ നിർമാണ ചിലവ് കൂടുതലാണ് എന്നതും മറ്റൊരു വസ്തുതയാണ്. ഇതിനൊക്കെ പുറമെ മണ്ണിൽ ലയിക്കുന്ന കൃത്രിമ ഫൈബറുകളും പോളിമറുകളും ഉപയോഗിച്ച് നിർമിക്കുന്ന ക്യാരിബാഗുകളും നിലവിലുണ്ട്. പക്ഷെ ഇവയ്ക്കും ചിലവ് കൂടുതലാണ്. ശാസ്ത്രം വികസിക്കുയാണ്. അതിനാൽ സമീപഭാവിയിൽ തന്നെ ഇതിനുള്ള പരിഹാരവും കണ്ടുപിടിച്ചേക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. കാരണം ഇന്നത്തെ പ്രശ്നമാണ് നാളത്തെ കണ്ടുപിടിത്തം. അതുവരേക്കും നമ്മൾ ഒരൊറ്റ കാര്യം മാത്രം ചെയ്താൽ മതി. പ്ലാസ്റ്റിക്ക് ബാഗുകൾക്ക് പകരമാണ് പേപ്പർ ബാഗുകൾ എന്ന പൊട്ടത്തരം നമ്മുടെ കുട്ടികളെ പഠിപ്പിക്കാതിരിക്കുക. അടുത്ത ഒരു എഴുത്തിൽ കണ്ട് മുട്ടുന്നത് വരേക്കും നന്ദി. നമസ്കാരം.