ഓരോ ചിത്രങ്ങൾക്കും ഓരോ കഥ പറയാനുണ്ട്. ഐഫോൺ എടുത്ത് ഓട്ടോ മോഡിൽ ഒറ്റ ഞെക്ക് ഞെക്കി എടുക്കുന്ന ചിത്രങ്ങൾക്ക് അല്ല. ക്യാമറയിൽ പതിയും മുന്നേ മനസ്സിൽ പതിഞ്ഞ ചില ചിത്രങ്ങൾക്ക്. അത്തരത്തിൽ ഒരു ചിത്രത്തിന്റെ കഥയാണ് ഞാനിന്ന് പറയാൻ പോകുന്നത്. ഞാൻ ഫോട്ടോ എടുക്കാറില്ല എടുത്ത് കൊടുക്കാറേ ഉള്ളൂ എന്ന് എന്നെ അറിയാവുന്ന എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. അത്കൊണ്ട് തന്നെ എന്റെ വേണ്ടപ്പെട്ടവരുമായി ഒരുമിച്ചുള്ള ഫോട്ടോകൾ വളരെ കുറവാണു. അത്തരത്തിൽ ഒരാളായിരുന്നു ആരതിയും. പക്ഷെ എന്റെ അടുത്ത പുസ്തകത്തിന്റെ കവറിനായി എനിക്ക് ആരതിയുടെ ഒരു ഫോട്ടോ വേണമായിരുന്നു. അത് ഞാൻ അവളോട് പറയുകയും ചെയ്തിരുന്നു. ഈ വര്ഷം ആദ്യം ഒരുമിച്ചുള്ള രണ്ടാഴ്ച ഞങ്ങൾ പല സ്ഥലത്തു നിന്നും പല ഫോട്ടോകളും എടുത്ത് നോക്കി. പക്ഷെ പ്രകൃതി മാത്രം കനിഞ്ഞില്ല. എല്ലായിടത്തും ശക്തമായ മഞ്ഞ് വീഴ്ചയായതിനാൽ വെളിച്ചം തീരെ കിട്ടിയില്ല. അങ്ങനെ ആ ഉദ്യമം വിജയിക്കില്ല എന്നുറപ്പായപ്പോൾ ഉപേക്ഷിച്ചു. പക്ഷെ അവൾ പറയുന്നുണ്ടായിരുന്നു നീ എടുത്തതിൽ നല്ലത് ഇട്ടോ എന്ന്. പക്ഷെ ഞാൻ നേരത്തെ പറഞ്ഞത് പോലെ ക്യാമറയിൽ പതിയും മുന്നേ മനസ്സിൽ പതിഞ്ഞ ആ ചിത്രം കിട്ടാതെ ഞാനെങ്ങനെ ഏതെങ്കിലും ചിത്രം ഇടും? അങ്ങനെ ഞങ്ങൾ മലയിറങ്ങുന്ന ദിവസം വന്നു. കൾഗയിലെ തണുപ്പും മഞ്ഞും അതിന്റെ മൂർധന്യാവസ്ഥയിൽ എത്തി നിന്ന ദിവസം. ഇത്തവണ ചെറിയൊരാഗ്രഹവുമായി മല കയറിയ എന്നെ വെറും കയ്യോടെ തിരിച്ചയക്കാൻ പാർവതി മാ ഒരുക്കമല്ലാത്തത് പോലെ. മുട്ടോളം കനത്തിലുള്ള കൊടും മഞ്ഞ്. പക്ഷെ എനിക്ക് ഏത് വിധേനയും താഴെ എത്തിയെ മതിയാവുമായിരുന്നുള്ളൂ. ഒരു മണിക്കൂർ വൈകിയാൽ പോലും പ്രശ്നം. ബസ് പോകും ബസ് പോയാൽ ട്രെയിൻ പോകും പിന്നെ നാട്ടിലെത്താൻ ആ തണുപ്പിൽ ഞാൻ നന്നായി വിയർക്കേണ്ടി വരും. അങ്ങനെ പ്രകൃതിയുടെ എതിർപ്പ് വകവെക്കാതെ തിരിച്ചിറങ്ങാൻ തന്നെ ഞാൻ തീരുമാനിച്ചു.
അന്ന് രാവിലെ എണീച്ചപ്പോൾ തന്നെ അന്തരീക്ഷം മുഴുവൻ മാറിയിരുന്നു. മഞ്ഞ് വീഴ്ചയുടെ വേഗത കൂടിയിരിക്കുന്നു. മേൽക്കൂരയിൽ മഞ്ഞ് വീഴുന്ന മുഴക്കം ഭീകരമായിരുന്നു. ജനലിന്റെ പുറത്ത് മുഴുവൻ കട്ട മഞ്ഞ്. ആരതി ആണെങ്കിൽ നല്ല ഉറക്കവും. കഴിഞ്ഞ രാത്രി അവളെപ്പോഴാ ഉറങ്ങിയത് എന്ന് പോലും എനിക്കറിയില്ലായിരുന്നു. സത്യം പറഞ്ഞാൽ ഞങ്ങൾ ചെറിയൊരു സൗന്ദര്യ പിണക്കത്തിൽ ആയിരുന്നു. കാര്യം ഒന്നുമില്ല തലേ ദിവസം താഴെ വെച്ച് പരിചയപ്പെട്ട കുറച്ച് പയ്യന്മാരുമായി അവൾ കമ്പനി ആയി. പ്രത്യക്ഷത്തിലേ അവന്മാരെ ഇഷ്ടപ്പെടാതിരുന്ന ഞാൻ വലിയ മൈൻഡ് കാണിക്കാൻ പോയില്ല. അതിൽ അപ്പോഴേ അവൾക്ക് എന്നോട് ദേഷ്യം പിടിച്ചിരുന്നു. പിന്നെ രാത്രി ആയപ്പോൾ അവന്മാർ ഒരു നാല് പേര് അവളോട് കത്തി അടിക്കാനായി കേറി വന്നതും എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അതും അവൾക്ക് മനസ്സിലായിരുന്നു. പിന്നീട് അവർ സെൽഫി എടുക്കലും ഡാൻസ് കളികളും പാട്ട് പാടലും ഒക്കെ തുടങ്ങിയപ്പോൾ സഹികെട്ട് ഞാൻ മുറിയിലേക്ക് പോന്നതാണ്. അവിടെ നിന്ന് എണീക്കുമ്പോൾ എന്നെ അവൾ ഒരു നോട്ടം നോക്കിയിരുന്നു. അതിന് ഒരേ അർത്ഥമേ ഉണ്ടായിരുന്നുള്ളൂ. ആരുണ്ടെന്നുള്ള ധൈര്യത്തിൽ ആണോ അവൾ വീട് വിട്ടിറങ്ങിയത് അയാൾ അവളെ ഒറ്റക്കാക്കി പോകുന്നു. അവളുടെ ഒരൊറ്റ നോട്ടത്തിന്റെ അർഥം എനിക്ക് മനസിലായെങ്കിലും എന്റെ ഉച്ചക്ക് തൊട്ടേ ഉള്ള പല നോട്ടങ്ങളും അവൾക്ക് മനസിലായില്ല. അതിൽ എനിക്ക് വലിയ വിഷമമമൊന്നും തോന്നിയില്ല. കാരണം ഞങ്ങൾ തമ്മിൽ പറയാതെയുള്ള ചേച്ചി അനിയൻ ബന്ധത്തിലേക്കാൾ വലുതായി ഉണ്ടായിരുന്നത് നല്ല സുഹൃത് ബന്ധമായിരുന്നു. സുഹൃത്തുക്കൾക്കിടയിൽ എന്ത് നിയമങ്ങൾ. അവിടെ നിയമ ലംഘനങ്ങളെ ഉണ്ടാവു. ഒരുദാഹരണം പറഞ്ഞാൽ ഒരു നല്ല സുഹൃത്ത് നിങ്ങളുടെ സാഹസിക കഥകൾ എല്ലാം കേട്ടിരിക്കും. പക്ഷെ ഒരു ആത്മമിത്രം ആണെങ്കിൽ ആ സാഹസിക കൃത്യത്തിൽ അയാളും പങ്ക് ചേരും. അതാണ് എനിക്ക് ആരതി.
ഞാനവളെ തട്ടി വിളിച്ചു. തിരിച്ച് പോകുന്ന കാര്യം ഓർമിപ്പിച്ചു. അവൾ എന്നോട് സംസാരിക്കുന്നുണ്ടായിരുന്നെങ്കിലും തലേ ദിവസത്തെ ദേഷ്യം പ്രകടമായിരുന്നു. വർഷത്തിൽ ആകെ ഒന്നോ രണ്ടോ ആഴ്ച മാത്രം കാണുന്ന നല്ല ഒരു സുഹൃത്തിനെ ഇത്പോലെ പിണക്കി യാത്രയയക്കാൻ എനിക്കെന്തോ മനസ്സ് വന്നില്ല. തിരിച്ച് പോകുന്ന മുന്നേ ഒരു വട്ടം കൂടെ പുറക് വശത്തെ പൈൻ കാട്ടിലേക്ക് പോയാലോ എന്ന് ഞാനവളോട് ചോദിച്ചു. അവൾ എന്നോട് ഒറ്റക്ക് പോയിക്കൊള്ളാൻ പറഞ്ഞു. വ്യത്യാസം നോക്കണം ചാടി കേറി മുന്നിൽ പുറപ്പെടുന്ന ആൾ ആണ് ഈ പറയുന്നത്. ഞാൻ എങ്ങനെ ഒക്കെയോ അവളെ പിടിച്ച് എണീപ്പിച്ച് ജാക്കറ്റും ഇടീപ്പിച്ച് എന്റെ കൂടെ നടത്തിച്ചു. എവിടെ നിന്നോ രണ്ട് പട്ടികളും ഞങ്ങളുടെ കൂടെ കൂടി. നല്ല മഞ്ഞ്. കഷ്ടിച്ച് കഷ്ടിച്ച് ഞങ്ങൾ മുന്നോട്ട് നടന്നു. ഓരോ സ്റ്റെപ്പ് എടുക്കാനും നാട്ടിൽ ഒരു പത്ത് സ്റ്റെപ്പ് എടുക്കുന്നത്ര കാഠിന്യം. അവളാണെങ്കിൽ ഓരോ മിനിട്ടിലും തിരിച്ച് പോകാം എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നു. ബൂട്ട് ഇടാതിരുന്നതിനാൽ ഞങ്ങളുടെ രണ്ട് പേരുടെയും കാലുകൾ നന്നായി തന്നെ മരവിക്കുണ്ടായിരുന്നു. നടന്ന് നടന്ന് കാലില്ല എന്ന അവസ്ഥയിൽ വരെ കാര്യങ്ങൾ എത്തിയപ്പോൾ അവൾക്ക് ദേഷ്യം പിടിച്ചു. അവൾ ഒരിടത്ത് നിന്ന് കൊണ്ട് എന്നോട് ദേഷ്യത്തിൽ തിരിച്ച് പോകാൻ പറഞ്ഞു. എനിക്കിനിയും ഒരുപാട് ദൂരം നടക്കാനുള്ളതാ നിന്റെ പ്രാന്തിന് വേണ്ടി മഞ്ഞ്കടി (frost bite) കിട്ടി എന്റെ കാല് കളയാൻ ഞാനില്ല എന്നവൾ തീർത്ത് പറഞ്ഞു. ഗത്യന്തമില്ലാതെ ഞാനവളുടെ കൂടെ തിരിച്ച് നടക്കാൻ തുടങ്ങി. ഞങ്ങൾ തിരിച്ച് നടക്കാൻ തുടങ്ങിയപ്പോൾ പട്ടികളും ഞങ്ങളുടെ കൂടെ തിരിച്ചു നടന്നു. അങ്ങനെ ആ സുഹൃത്തിനെ പിണക്കി തന്നെ യാത്രയയക്കാൻ ആണെന്റെ വിധി എന്ന് ഞാൻ സമാധാനിച്ചു. പക്ഷെ പ്രകൃതിയുടെ പദ്ധതികൾ മറ്റ് പലതുമായിരുന്നു. ഒന്നും സംസാരിക്കാതെ അവൾ മുന്നിലും ഞാൻ പിന്നിലുമായി നടക്കുമ്പോൾ പെട്ടന്ന് മൂടിക്കെട്ടിയ ആകാശം പതിയെ നീല നിറമാവാൻ തുടങ്ങി. ഒരുപാട് ദിവസത്തിന് ശേഷം ഒരു തരിമ്പ് വെയിൽ എന്റെ മുഖത്ത് അടിച്ചു. ആ ഒരു നിമിഷത്തിൽ ക്യാമറ കയ്യിൽ ഇല്ലാതിരുന്നതിൽ എനിക്ക് വിഷമം തോന്നി. പക്ഷെ ഞാൻ വെറുതെ പോക്കറ്റിൽ കൈ ഇട്ട് നോക്കുമ്പോൾ ഉണ്ട് എന്റെ ഗോപ്രോ. തലേ ദിവസം എപ്പോഴോ മറന്നു വെച്ചത്. പിന്നെ ഒന്നും നോക്കിയില്ല ഞാൻ ആരതിയുടെ കയ്യിൽ പിടിച്ചു അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ ചിരിക്കാൻ പറഞ്ഞു. അവൾ കൂട്ടാക്കിയില്ല. അടുത്ത നിമിഷം ഞാൻ കുറച്ച് ദേഷ്യത്തിൽ പറഞ്ഞപ്പോൾ അവളൊന്ന് ചെറുതായി പുഞ്ചിരിച്ചു. ഒരു നിമിഷം പോലും പാഴാക്കാതെ ഞാൻ ക്ലിക്ക് ചെയ്തു. അങ്ങനെ ഞാൻ ഇതുവരെ എടുത്തതിൽ വെച്ച് ഏറ്റവും നല്ലൊരു ഫോട്ടോ അവിടെ പിറന്നു.