കഴിഞ്ഞ ഒരുപാട് മാസങ്ങളായി തന്നെ നമ്മളുടെ മാധ്യമങ്ങൾ ആഘോഷമാക്കുന്ന ഒരു വിഷയമാണ് തെരുവ് നായ വിഷയം. കൃത്യമായി പരിശോധിച്ചാൽ മനസിലാക്കാൻ പറ്റും ഇത് കഴിഞ്ഞ ഒന്നോ രണ്ടോ മാസങ്ങളായി തുടങ്ങിയ വിഷയം അല്ലെന്ന്. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി കൃത്യമായ ഇടവേളകളിൽ ഈ വിഷയം കേരളത്തിൽ നടന്ന് പോരുന്നുണ്ട്. പണ്ട് എന്റെ ഒക്കെ ചെറുപ്പത്തിൽ സോഷ്യൽ മീഡിയ ഒക്കെ സജീവമാവുന്ന വളരെ മുന്നേ രഞ്ജിനി ഹരിദാസ് തെരുവ് നായകളെ കൊല്ലരുത് എന്ന് പറഞ്ഞതിന് അവർക്ക് നേരെ വ്യാപകമായ അക്രമം നടന്നത് ഇപ്പോഴും ഓർമയുണ്ട്. എല്ലാത്തിനെയും കൊല്ലുന്നതാണ് പരിഹാരം എന്ന് കരുതുന്നവർക്ക് വേണമെങ്കിൽ ഇവിടെ വെച്ച് വായന നിർത്താം. ഞാനതല്ല പറയാൻ പോകുന്നത്. മറിച്ച് എങ്ങനെ ഈ വിഷയം ഒരു വിഷയം ആകുന്നു എന്നതിനെ കുറിച്ചാണ്.
ഞാനും ജേർണലിസം പഠിച്ച ഒരാളാണ്. അച്യുതൻ സാർ കൃത്യമായി പഠിപ്പിച്ചത് ഇപ്പോഴും ഓർമയുണ്ട്. Anything unusual is a news. അതായത് അസ്വാഭാവികമായി എന്ത് നടക്കുന്നോ അതാണ് വാർത്ത. വാർത്ത എന്ന വാക്കിനു ഇതിലും ലളിതമായി ഒരു വ്യഖ്യാനം വേറെ തരാനും ഇല്ല. അന്ന് സാർ ക്ളാസിൽ ഒരുദാഹരണം പറഞ്ഞതും ഇപ്പോഴും കൃത്യമായി ഓർമയുണ്ട്. പട്ടി മനുഷ്യനെ കടിച്ചാൽ അത് വാർത്തയല്ല. പക്ഷെ മനുഷ്യൻ പട്ടിയെ കടിച്ചാൽ അതാണ് വാർത്ത. ജേര്ണലിസത്തിന്റെ ബേസിക് പ്രിന്സിപ്പിളിൽ ഒന്ന്. പതിറ്റാണ്ടുകളായി ജേർണലിസം അദ്ധ്യാപകർ കുട്ടികളെ പഠിപ്പിക്കുന്ന വ്യക്തമായ ഉദാഹരണം. എന്നാൽ ഇന്ന് T V തുറന്നാലോ പട്ടി കടിയുടെ വാർത്തകൾ മാത്രം. അതായത് ഇവന്മാർ ജേർണലിസത്തിൽ ഡിഗ്രിയും പീജിയും എല്ലാം എടുത്ത് അഞ്ചാറ് വര്ഷം ചിലവഴിച്ചിട്ട് ബേസിക് പ്രിന്സിപ്പിൽസ് പോലും പഠിച്ചില്ല എന്നർത്ഥം. അതിൽ സർക്കാർ കോളേജുകളിൽ പഠിച്ചവർ ഉണ്ടാവും. അതായത് എന്റെയും നിങ്ങളുടെയും നികുതി പണം കൊണ്ട് പഠിച്ചിറങ്ങിയവർ. എന്ത് പറയാനാ ആ പൈസ വെറുതെ പോയി എന്ന് കരുതിക്കോ. മറ്റൊരുദാഹരണം പറഞ്ഞാൽ സുവോളജിയിൽ JRF കിട്ടി ഇപ്പോൾ റിസർച്ച് ചെയ്യുന്ന ഒരു സുഹൃത്ത് ഇപ്പോഴും പറയുന്നത് മനുഷ്യനെ ഡൈബം സൃഷ്ടിച്ചു എന്നാണ്. ഇത്രയും കൊല്ലം അവൻ നേടിയ വിദ്യാഭ്യാസത്തിന് പുല്ല് വിലയല്ലേ അവൻ കൊടുക്കുന്നത്. ഇനി ഇതേ ചോദ്യം പരീക്ഷക്ക് വന്നാൽ ഡാർവിന്റെ പരിണാമവും മ്യൂറ്റേഷനും ഒക്കെ വെച്ച് അവൻ ഒരു 2 പേജ് എസ്സേ എഴുത്തും. പക്ഷെ ജീവിതത്തിൽ അമ്മാതിരി ശാസ്ത്രബോധത്തിന് യാതൊരു സ്ഥാനവുമില്ല. അവിടെ പ്രാധാന്യം മതത്തിനും ദൈവങ്ങൾക്കും മാത്രം. ഇതാണ് എല്ലായിടത്തും നടക്കുന്നത്. പട്ടി വിഷയത്തിന്റെ അക്കാഡമിക് റെഫെറൻസും ഇത് തന്നെയാണ്.
ഇനി കാര്യത്തിലേക്ക് കടക്കാം. കുറച്ച് പ്രകൃതിശാസ്ത്രം പറയുകയാണെങ്കിൽ കാട്ടിൽ ഇരതേടി വന്യമായി ജീവിച്ചു വളർന്ന ഒരു വർഗത്തെ അവരുടെ വർഗ്ഗത്തിന്റെ ഗുണങ്ങൾ തിരിച്ചറിഞ്ഞ മനുഷ്യർ കാടിന് വെളിയിലെത്തിച്ച് ഇണക്കി കൂടെ കൂട്ടി, ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചു. ആയിരകണക്കിന് വർഷങ്ങൾ കഴിഞ്ഞപ്പോൾ ഈ സഹവാസസം അവരുടെ പുതിയതലമുറകളിലേക്കും പകർന്ന് നൽകപ്പെട്ടു. പ്രകൃതി അതവരുടെ ജീനുകളിലേക്ക് എഴുതിച്ചേർത്തു എന്നും പറയാം. പക്ഷെ തലമുറകൾ എത്ര കഴിഞ്ഞാലും എത്ര പരിണാമം സംഭവിച്ചാലും വന്യതയിൽ ജീവിച്ചത് കൊണ്ടുള്ള ചില സഹജവാസനകൾ (instincts) അവരെ വിട്ട് പോയില്ല. അത്തരം സഹജവാസനകൾ നമുക്കും ഉണ്ട്. മനുഷ്യ കുട്ടികൾക്ക് അതായത് ജനിച്ചപ്പാടെയുള്ള കുട്ടികൾക്ക് ശ്വാസം പിടിച്ചു വെക്കാനും നീന്താനും കഴിയും. എല്ലാ ജീവികളും അങ്ങനെയാണ്. അതാണ് പ്രകൃതി നൽകുന്ന വൈദഗ്ദ്യം. പക്ഷെ വളരുന്തോറും നമുക്ക് ചിന്തിക്കാനുള്ള ശേഷിയുള്ളതിനാലും മുതിർന്നവർ പകർന്ന് തരുന്ന ഭയം കാരണവും ജന്മനാ കിട്ടിയ ആ വൈദഗ്ദ്യം നമ്മൾക്ക് കൈ മോശം വരുന്നു. നമ്മൾ വീണ്ടും നീന്തൽ പഠിക്കേണ്ടി വരുന്നു. പട്ടികളെയും പശുക്കളെയും ആനയെയും ഒന്നിനും ആരും നീന്താൻ പഠിപ്പിക്കുന്നില്ല. ഇവിടെയാണ് ആ വ്യത്യാസം. പിന്നെ ഇന്നത്തെ പുരോഗമിച്ച സമൂഹത്തിൽ ജീവിക്കുന്ന നമ്മളിൽ ഇന്നും കൊലയും പകയും ആർത്തിയും എല്ലാം നിലനിൽക്കുന്നുണ്ട്. അത്തരം വന്യമായ സഹജവാസനകൾ ഇന്നും നമ്മൾ അതേപടി നിലനിർത്തി പോരുന്നു. അതും ഈ പറഞ്ഞതിന് ഒരുദാഹരണം ആണ്. ലിജോ ജോസ് പല്ലിശേരിയുടെ ജെല്ലിക്കെട്ട് ഈ പറഞ്ഞ കാര്യമാണ് സംസാരിക്കുന്നത്. ഇനി നമുക്ക് വീണ്ടും കാര്യത്തിലേക്ക് തിരിച്ചുവരാം. പറഞ്ഞു വന്നത് മനുഷ്യർ നാട്ടിലേക്ക് കൊണ്ട് വന്ന ആ ജീവികൾ പിന്നീട് മനുഷ്യ സാമീപ്യമില്ലാതെ ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥയിൽ എത്തി. തലമുറകളായി നാട്ടിൽ ജീവിച്ചു വളർന്നത് കൊണ്ട് തിരിച്ച് വന്യതയിൽ ജീവിക്കാനുള്ള കഴിവും അവർക്ക് നഷ്ടമായി. അവരുടെ എണ്ണം നാട്ടിൽ പെരുകിയപ്പോൾ അവർ മനുഷ്യർക്ക് ശല്യമാവാൻ തുടങ്ങി. ഞാനിപ്പോൾ പറഞ്ഞ ജീവി വർഗമാണ് പട്ടികൾ. ഇത് ഞാനായിട്ട് ഉണ്ടാക്കിയ കഥ അല്ല. ഈ വിഷയത്തിൽ ചെറിയൊരു ഗവേഷണം നടത്തിയാൽ ഏതൊരാൾക്കും മനസിലാക്കാൻ പറ്റുന്ന സിംപിൾ കാര്യം. അതിനും മടിയുള്ള ആൾക്കാർക്ക് Alpha (ആൽഫ) എന്ന ഇംഗ്ളീഷ് സിനിമ കാണാം. ഇതേ കാര്യമാണ് അതിലും പറഞ്ഞിരിക്കുന്നത്. അതായത് നാട്ടിൽ പട്ടികൾ പെരുകാൻ മനുഷ്യർ മാത്രമാണ് കാരണം എന്ന്. ഇന്നും മനുഷ്യനുമായി ഇണങ്ങാത്ത പട്ടികൾ കാടുകളിൽ ഉണ്ട്. നമ്മുടെ കാടുകളിൽ കാണപ്പെടുന്ന ധോൽ എന്ന കാട്ടുനായ്ക്കൾ ഇതിനു ഉദാഹരണമാണ്. അത്പോലെ പട്ടികൾ വന്യജീവികൾ ആയിരുന്നു എന്നതിന് മറ്റൊരു തെളിവ് ഭക്ഷ്യശൃംഖലയിൽ തന്നെയുണ്ട്. നമ്മുടെ കാടുകളിൽ കാണപ്പെടുന്ന പുള്ളിപ്പുലികളുടെ ഇഷ്ട ഭക്ഷണം മാനുകളോ കാട്ടുപോത്തുകളോ ഒന്നും അല്ല. അത് പട്ടികളാണ്! സംശയമുള്ളവർക്ക് ലോകപ്രശസ്ത വന്യജീവി ശാസ്ത്രഞ്ജൻ ജിം കോർബെറ്റിന്റെ "രുദ്രപ്രയാഗിലെ നരഭോജി പുലി" എന്ന പുസ്തകം വായിച്ചു നോക്കാവുന്നതാണ്. ചുരുക്കി പറഞ്ഞാൽ എല്ലാത്തിന്റെയും എന്ന പോലെ പട്ടികളുടെയും എണ്ണം നിയന്ത്രിക്കാൻ പ്രകൃതി തന്നെ വേണ്ടത് ഒക്കെ ചെയ്തു വെച്ചതാണ് പക്ഷെ അവിടെ കടന്ന് കയറി അവരെ കാടിറക്കി എല്ലാം നശിപ്പിച്ചത് മനുഷ്യർ തന്നെയാണ്. എന്നിട്ടാണ് ഇപ്പോൾ പട്ടികൾ മുഴുവൻ കുറ്റക്കാർ ആണെന്ന് പറഞ്ഞുള്ള ഈ നിലവിളി. നിങ്ങളുടെ പൂർവികർ ചെയ്ത തെറ്റിന് എന്തിന് പാവം മിണ്ടാപ്രാണികളെ കൊല്ലണം?
പക്ഷെ സംഗതിയൊക്കെ ശരി തന്നെ മനുഷ്യനെ കടിച്ചുകൊല്ലുന്ന പട്ടികളെ കൊല്ലണ്ടേ? എന്നല്ലേ ചോദിക്കുന്നത്. മനുഷ്യരെ മനുഷ്യർ തന്ന കൊല്ലുന്ന നൂറ് സംഭവങ്ങൾ നിങ്ങൾക്ക് കാണാം. അതിലെത്രപേരെ നിങ്ങളെന്നിട്ട് കൊന്നിട്ടുണ്ട്? എന്ത്കൊണ്ട് അത് പട്ടികളും ആനകളും ഒക്കെ ആവുമ്പോൾ മാത്രം നിങ്ങൾക്ക് ഇത്ര രോഷം വരുന്നത്? സുപ്രീം കോടതി കഴിഞ്ഞ മാസവും പറഞ്ഞിട്ടുണ്ടോ ഭരണഘടനാ അവകാശങ്ങളും പരിരക്ഷയും മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ബാധകമാണെന്ന്. ഇനി അതല്ല സ്വന്തം സ്പീഷീസ് സ്നേഹമാണോ? ആവാം. കാരണം എല്ലാത്തിലും വർഗീയതതയും നിറത്തിന്റെയും ദേശത്തിന്റെയും പേരിൽ ചേരിതിരിവ് നടത്തുന്ന മനുഷ്യ ചിന്താഗതി അവിടെയും പ്രയോഗിക്കുന്നതിൽ ഞാൻ തെറ്റ് പറയില്ല. എല്ലാം കണക്കാണ്. നിങ്ങൾ മത മൗലികവാദിയാണ് ആനയാണ് തേങ്ങയാണ് എന്നൊക്കെ പറഞ്ഞിട്ട് നിങ്ങൾ സഹജീവികളെ കൊള്ളണം എന്ന് പറയുന്ന തികഞ്ഞ ഒരു മനുഷ്യസ്നേഹിയാണ് എന്ന് പറയുന്നുണ്ടെങ്കിൽ ഞാൻ പറയും നിങ്ങൾ വെറും വ്യാജൻ ആണെന്ന്. പിന്നെ കൊല്ലാതെ ഈ പ്രശ്നത്തിനു എങ്ങനെ പരിഹാരം കാണാം? അത് നമുക്ക് അടുത്ത ഒരു ബ്ലോഗിൽ കാര്യമായി തന്നെ സംസാരിക്കാം. അതിനായി എനിക്ക് കുറച്ച് റിസർച്ച് വർക്കും ആവശ്യമാണ്.
ഇനി നമ്മൾ തുടങ്ങിയ വിഷയത്തിലേക്ക് വരാം. മാമാ മാധ്യമങ്ങൾ. നിങ്ങളൊന്ന് അവരുടെ ഭാഗത്ത് നിന്ന് ചിന്തിച്ച് നോക്കുക. ഒരു വലിയ മാധ്യമ സ്ഥാപനം നടത്തുന്നു. ഒരുപാട് ജോലിക്കാരും അവരുടെ ശമ്പളവും വാഹനങ്ങളും അതിന്റെ പെട്രോൾ ചിലവും ഉപകരണങ്ങളും കറന്റ് ബില്ലും എല്ലാം ഉണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ നടക്കുന്ന കച്ചവടമാണ് വാർത്തകൾ. വാർത്തകൾ ഇല്ലെങ്കിൽ കച്ചവടം പൂട്ടും. അപ്പോൾ വാർത്തകൾക്ക് ക്ഷാമം വന്നാലോ? എല്ലാം തീർന്നു അല്ലെ? എന്നാൽ നിങ്ങൾക്ക് തെറ്റി അങ്ങനെ വരില്ല. കാരണം അവരുടെ റിസർവ് ലിസ്റ്റിൽ കുറെ സംഗതികൾ ഉണ്ട്. അപ്പൊ അതെടുത്തിട്ട് അലക്കും. അതിൽ തെരുവ് നായ വിഷയം ഉണ്ട്, മുല്ലപ്പെരിയാർ ഉണ്ട് അങ്ങനെ കൊറേ ഉണ്ട്. എന്നിട്ട് നമ്മൾ അത് ചർച്ച ചെയ്യും. നമ്മൾ എന്ത് കാണണം എന്ത് ചർച്ച ചെയ്യണം എന്ന് മാധ്യമങ്ങൾ തീരുമാനിക്കുന്ന കാലമാണ് ഇത്. ചിന്നക്കനാലിൽ നിന്ന് അരികൊമ്പനെ ഓടിച്ചതിന് മാധ്യമങ്ങൾക്ക് നല്ല പങ്കുണ്ടെന്ന് നിങ്ങൾക്ക് എത്ര പേർക്ക് അറിയാം? അത് ചിലപ്പോൾ മദ്യക്കുപ്പി വാങ്ങിയിട്ടോ കോഴിക്കാൽ വാങ്ങിയിട്ടോ ഒക്കെ ആയിരിക്കും എങ്ങനെ ആയാലും അവർക്ക് അതിൽ നല്ല പങ്കുണ്ട്. അതാണ് ഇന്നത്തെ കാലത്തിന്റെ പ്രശ്നവും. കാരണം ഞാൻ നേരത്തെ പറഞ്ഞ പ്രിന്സിപ്പിൽ ഒന്നുമല്ല ഇന്നത്തെ കാലത്തെ ജേർണലിസം. ഇന്ന് എന്താണ് വാർത്ത? ജനങ്ങളെ പേടിപ്പിക്കുന്നത്, ഇക്കിളിപ്പെടുത്തുന്നത്, സന്തോഷിപ്പിക്കുന്നത് എന്താണോ അതാണ് ഇന്നത്തെ വാർത്ത. നമ്മുടെ ജേർണലിസം പുസ്തകങ്ങൾ ഒക്കെ കത്തിച്ച് പുതിയത് അച്ചടിക്കേണ്ട സമയം പണ്ടേ കഴിഞ്ഞു. പക്ഷെ ഇതിന്റെ ഒക്കെ ദൂഷ്യഫലങ്ങളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ ആരെങ്കിലും? മാധ്യമങ്ങൾ തെറ്റായ കാര്യങ്ങൾ പരത്തുന്നത് മൂലം നമ്മുടെ സമൂഹം തന്നെ നശിക്കുന്നു. അതിപ്പോ ലഹരിയുടെ പേരിൽ കള്ളവാർത്ത പരത്തുന്നതും തെരുവ് നായ വിഷയവും എല്ലാം ഒരുപോലെയാണ്. ഒന്നും ചെയ്യാതെ പട്ടികുഞ്ഞുങ്ങളെ പോലും ആൾക്കാർ തലക്കടിച്ചും വെള്ളത്തിൽ മുക്കിയും മൃഗീയമായി കൊല്ലുന്നു. എല്ലാ പട്ടികളും അപകടകാരികൾ ആണെന്ന് കരുതി കുട്ടികൾ പട്ടികളെ കാണുമ്പൊൾ ഭയക്കുന്നു നിലവിളിക്കുന്നു കല്ലെറിയുന്നു. ഇത്തരം കാര്യങ്ങൾ അവരെ പ്രകോപിപ്പിച്ച് അവർ തിരിച്ച് ആക്രമിക്കുന്നു. അത് വീണ്ടും വാർത്തയാക്കി മാധ്യമങ്ങൾ ആനന്ദം കണ്ടെത്തുന്നു. നൂറ് പട്ടികളിൽ ഒരെണ്ണം ആരെയെങ്കിലും കടിച്ചാൽ നൂറെണ്ണത്തിനെയും കൊല്ലുന്നു. ഇതിനൊക്കെ ഉത്തരവാദി ആരാണ്? അങ്ങനെ ഇന്ന ഒരാളെ ചൂണ്ടിക്കാണിക്കാൻ പറ്റില്ല. പക്ഷെ സർക്കാരിന് നല്ല പങ്കുണ്ട്. ഒന്ന് ഇത്രയും വര്ഷമായിട്ട് ഇവിടെ നടക്കുന്ന ഈ ഒരു പ്രശ്നത്തിന് യാതൊരു പരിഹാരം കാണാത്തതിലും മാധ്യമങ്ങളെ ഇങ്ങനെ തോന്നിയത് പറയാൻ കയറൂരി വിടുന്നതിലും. ഇനിയിപ്പോ നോക്കിക്കോ സ്വപ്ന അടുത്ത ആഴ്ച പറയും മുഖ്യമന്ത്രിയുടെ മുറിയുടെ തറയുടെ താഴെ മുഴുവൻ ദൃശ്യം മോഡൽ പോലെ സ്വർണമാണെന്നു. അതിന് ശേഷം കുറച്ച് നാളത്തേക്ക് കേരളത്തിലെ പട്ടികൾ ആരെയും കടിക്കില്ല. ബെറ്റ് ഉണ്ടോ?
ഇതേ വിഷയത്തിന്റെ അടുത്ത ഭാഗവുമായി വീണ്ടും കാണാം.